ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെക്കുറിച്ചുള്ള ബിജെപിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം വെടിഞ്ഞ് കോൺഗ്രസ്. രാഹുൽ അനന്തരവളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോയെന്നും ഉടൻ തിരിച്ചെന്നുമാണ് കോൺഗ്രസിന്റെ മറുപടി.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കോൺഗ്രസ് നേതാവിന്റെ പതിവ് അപ്രത്യക്ഷമാകലുകളെ ചോദ്യം ചെയ്തിരുന്നു.
“രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച രഹസ്യമായി വിദേശത്ത് അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയിരുന്നു. ഇപ്പോൾ വീണ്ടും അദ്ദേഹം വിദേശത്തെ മറ്റേതോ സ്ഥലത്തേക്ക് പറന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ പതിവായുള്ള അപ്രത്യക്ഷമാകലുകൾ? അദ്ദേഹം സ്വന്തം രാജ്യത്തുനിന്നും ഇങ്ങനെ അകന്നുനിൽക്കാനുള്ള കാരണം എന്താണ്? പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് ഉത്തരംപറയാൻ ബാധ്യസ്ഥനാണ്,” അമിത് മാളവ്യ എക്‌സിലെ പോസ്റ്റിൽ കുറിച്ചു
രാഹുൽ ബഹ്‌റൈനിൽ പോയതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ വിമർശനം. ഇതോടെ കോൺഗ്രസ് വിശദീകരണവുമായി രംഗത്തെത്തി. രാഹുലിന്റെ വിമാന ഷെഡ്യൂൾ ന്യൂഡൽഹി-ബഹ്‌റൈൻ-ലണ്ടൻ എന്നാണെന്ന് വ്യക്തമാക്കിയ പാർട്ടി, കോൺഗ്രസ് നേതാവ് അദ്ദേഹത്തിന്റെ അനന്തരവളുടെ ബിരുദദാന ചടങ്ങിനായി ലണ്ടനിലേക്ക് പോയിരിക്കുകയാണെന്നും ഉടൻ മടങ്ങി വരുമെന്നും കൂട്ടിച്ചേർത്തു. പ്രിയങ്ക വാദ്രയുടെയും റോബർട്ട് വാദ്രയുടെയും മകൾ മിരായ വാദ്രയുടെ ബിരുദദാന ചടങ്ങിലേക്ക് രാഹുൽ പോയിരിക്കുന്നത്.