കൊല്ലം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ല എന്ന ശശി തരൂരിന്റെ വെളിപ്പെടുത്തലിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
തിരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ഹൈക്കമാൻഡ് നിലപാട് പറയുമെന്നും നടപടി വേണോ വേണ്ടയോ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കും എന്നും മുരളീധരൻ പറഞ്ഞു. ഞങ്ങൾ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ശശി തരൂരിന്റെ വാക്കുകൾക്ക് നിലമ്പൂരിലെ ജനങ്ങൾ വിലകൊടുത്തില്ല എന്നും മുർളീധരൻ പറഞ്ഞു.
നിലമ്പൂരിൽ മുഖ്യമന്ത്രി ഉൾപ്പടെ തമ്പടിച്ച് പ്രവർത്തിച്ചിട്ടും ഫലമുണ്ടായില്ലെന്നും പരാജയം അംഗീകരിക്കാൻ എൽഡിഎഫ് തയാറാകണമെന്നും വിജയം മാത്രമേ അംഗീകരിക്കൂ എന്ന നിലപാട് ശരിയല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ഭരണത്തുടർച്ച എന്ന വ്യാമോഹം ജനങ്ങൾ തള്ളിക്കളഞ്ഞു. അയുഡിഎഫിൽ ചേരണോ വേണ്ടയോ എന്ന് അൻവർ തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.















