ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും പാർലമെന്റ് അംഗം പ്രിയ സരോജിന്റെയും വിവാഹം മാറ്റിവച്ചു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ അടുത്തിടെയാണ് ഇരുവരും കുടുംബത്തിന്റെ ആശിർവാദത്തോടെ വിവാഹ നിശ്ചയം നടത്തിയത്. നവംബർ 19ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹമാണ് ഇപ്പോൾ മാറ്റിവച്ചത്. ഈ മാസം ആദ്യം ലക്നൗവിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. സമാജ് വാദി പാർട്ടിയുടെ എംപിയാണ് പ്രിയ സരോജ്.
നവംബറിൽ റിങ്കു സിംഗിന്റെ മത്സര ക്രമീകരണം കണക്കിലെടുത്താണ് വിവാഹതീയതി മാറ്റിയത്. നിലവിൽ അടുത്ത വർഷം ഫെബ്രുവരിയിലേക്കാണ് വിവാഹം മാറ്റിയത്. തീയതി വ്യക്തമാക്കിയിട്ടില്ലെന്ന് അമർ ഉജാല പത്രം റിപ്പോർട്ട് ചെയ്യുന്നു.
വാരണസിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനായി താജ് ഹോട്ടലും കുടുംബം ബുക്ക് ചെയ്തിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂളുകൾ അനുസരിച്ചാണ് നിലവിൽ വിവാഹ തീയതി നീട്ടിയത്. ഇതോടെ ഹോട്ടൽ ബുക്കിംഗ് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ജൂൺ എട്ടിന് നടന്ന വിവാഹ നിശ്ചയത്തിൽ രാഷ്‌ട്രീയ-ക്രിക്കറ്റ് മേഖലയിൽ നിന്ന് നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.















