കാസര്‍ഗോഡ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണവും പരാതിയും ഉയർന്നപ്പോൾ കാസര്‍ഗോഡ് സിപിഐഎമ്മില്‍ നടപടി. ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി മാധവന്‍ മണിയറയെ തൽസ്ഥാനത്തു നിന്ന് നീക്കി. പകരം കെ ബാലകൃഷ്ണനെ പുതിയ ഏരിയാ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
ഇന്നലെ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.ജില്ലാ കമ്മിറ്റി യോഗത്തിലുള്‍പ്പെടെ മാധവന്‍ മണിയറയ്‌ക്കെതിരെ പരാതിയുയര്‍ന്നിരുന്നു. അനാരോഗ്യം കാരണമാണ് മാധവന്‍ മണിയറയെ മാറ്റിയതെന്നാണ് പാര്‍ട്ടി പറയുന്നത്. . സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്.നിലവില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് മാധവന്‍ മണിയറ.
ചെറുവത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മാധവന്‍ മണിയറ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു പ്രധാന പരാതി. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ മാധവനും മറ്റൊരാളും ചേര്‍ന്ന് സ്വത്ത് വാങ്ങിയ വിവരം പാര്‍ട്ടിയെ അറിയിച്ചില്ലെന്ന മൊഴിയാണ് മാധവനെതിരായ നടപടിയില്‍ കലാശിച്ചത്.