താമരശ്ശേരി: ലഹരി പരിശോധനയുടെ പേരിൽ പൊലീസ് വീടുമാറി റെയ്ഡ് നടത്തി. പുതുപ്പാടി പഞ്ചായത്തിലെ കക്കാട് കരികുളത്താണ് സംഭവം. വിട്ടുകാരുടെ എതിർപ്പ് മറികടന്ന് കൊണ്ടാണ് പൊലീസ് റെയ്ഡ് നടത്തിയത്. മാന്യമായി ജീവിക്കുന്ന കുടുംബമാണെന്നും പോലീസ് റെയ്ഡ് മാനക്കേടുണ്ടാക്കിയെന്നും കാണിച്ച് ഗൃഹനാഥൻ താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകി.
കഴിഞ്ഞ ശനിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ലഹരി വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിൽ കക്കാട് കരികുളം വള്ളിക്കെട്ടുമ്മല്‍ മുസ്തഫയുടെ വീട്ടിലാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്. യഥാർത്ഥിൽ അതേ പോസ്റ്റോഫീസ് പരിധിയിലുള്ള ഏകദേശം ഇതേ മേൽവിസമുള്ള മറ്റൊരു വീട്ടിലായിരുന്നു പരിശോധ നടത്തേണ്ടിയിരുന്നത്. വീട്ടിൽ നിന്നും, സംശയകരമായ ഒന്നും കണ്ടെടുക്കാതെ പൊലീസ് സംഘം മടങ്ങുകയും ചെയ്തു. മേൽവിലാസം ഉറപ്പുവരുത്താതെയും എതിർപ്പ് അവഗണിച്ചുമാണ് പരിശോധനയെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ സംശയിച്ച യുവാവിന്റെ പിതാവിന്റെ പേരിലും മേൽവിലാസത്തിലുമുള്ള സാമ്യമാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.















