ന്യൂഡൽഹി: ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായ ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളർന്നുവരുന്ന ബഹിരാകാശ വളർച്ചയുടെ തെളിവാണിതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
140 കോടി ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് ശുഭാംശുവിന്റെ യാത്രയെന്നും അഭിനന്ദനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 1984 -ലെ രാകേഷ് വർമയുടെ പ്രധാന ദൗത്യത്തിന് ശേഷം ബഹിരാകാശനിലയത്തിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ ഉച്ചയ്‌ക്ക് 12 മണിക്കായിരുന്നു വിക്ഷേപണം. ആക്സിയം-4, നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്സിയം മിഷൻ -4 ഒരുക്കിയിരിക്കുന്നത്.
വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് യുദ്ധവിമാന പൈലറ്റായ ശുഭാംശു ശുക്ല. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയാണ്. 2019-ലെ ഗഗൻയാൻ ദൗത്യത്തിലേക്ക് ശുഭാംശു ശുക്ലയെ തെരഞ്ഞെടുത്തിരുന്നു. ഈ ദൗത്യത്തിലെ അനുഭവങ്ങൾ ആക്സ് -4 ന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.