ന്യൂഡൽഹി: പത്തൊൻപതുകാരിയെ വീടിന്റെ അഞ്ചാം നിലയിലെ മട്ടുപ്പാവിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ തൗഫീഖി(26)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടുന്നത്.
വടക്കുകിഴക്കൻ ഡൽഹിയിലെ അശോക് നഗറിൽ തിങ്കളാഴ്ച രാവിലെ 8:30 ഓടെയാണ് സംഭവം. നേഹയും തൗഫീഖും പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. തൗഫീഖ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് നേഹ കണ്ടെത്തിയതോടെ ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായി. സംഭവ ദിവസം തൗഫീഖ് നേഹയെ കാണാൻ എത്തിയിരുന്നു. കുടുംബത്തിന്റെ കണ്ണിൽപ്പെടാതിരിക്കാൻ ബുർഖ ധരിച്ചെത്തിയ ഇയാളും നേഹയുമായി വീടിന്റെ മട്ടുപ്പാവിൽവച്ച് തർക്കമുണ്ടായി. തുടർന്നിയാൾ പെൺകുട്ടിയെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അറസ്റ്റിനുശേഷം നടത്തിയ ചോദ്യം ചെയ്യലിൽ, പ്രതി. നേഹയെ കാണാൻ വേഷം മാറിയെത്തിയിരുന്നതായി സമ്മതിച്ചു. എന്നാൽ നേഹയ്‌ക്ക് തൗഫീഖുമായി ഒരിക്കലും പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നാണ് നേഹയുടെ കുടുംബം പറയുന്നത്. തൗഫീഖിനെ ഏകദേശം മൂന്ന് വർഷമായി അറിയാമെന്നും അവൻ പലപ്പോഴും അവരുടെ വീട്ടിൽ വന്നിരുന്നതായും കുടുംബം അവകാശപ്പെടുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.