സമീപകാലത്ത് ഇന്ത്യ അവതരിപ്പിച്ച ഏറ്റവും വലിയ ഇന്നവേഷനുകളിലൊന്നാണ് ഏകീകൃത പേമെന്റ് സംവിധാനമായ യുപിഐ അഥവാ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്. ഡിജിറ്റല്‍ പണമിടപാട് ജനകീയമാക്കിയ യുപിഐ തെരുവോര കച്ചവടക്കാര്‍ മുതല്‍ അതിസമ്പന്ന ബിസിനസ് ഗ്രൂപ്പുകള്‍ വരെ ഒരുപോലെ ഉപയോഗിക്കുന്നു, സാധാരണക്കാര്‍ക്കൊപ്പം തന്നെ. എന്നാല്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്തുമ്പോള്‍ യുപിഐ ഇടപാട് നടത്തല്‍ അല്‍പ്പം സങ്കീര്‍ണമായിരുന്നു.
അന്താരാഷ്‌ട്ര സിം കാര്‍ഡുകള്‍ ഉപയോഗിച്ച് തന്നെ ഇന്ത്യയില്‍ യുപിഐ പേമെന്റ് നടത്താനുള്ള അവസരം തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ഐഡിഎഫ്‌സി ഫസ്റ്റ്ബാങ്ക്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഹോങ്കോംഗ്, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, യുഎഇ, യുകെ, യുഎസ് തുടങ്ങിയ 12 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ആര്‍ഐ, എന്‍ആര്‍ഒ അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് തന്നെ, അധിക ചാര്‍ജൊന്നും നല്‍കാതെ യുപിഐ ഇടപാടുകള്‍ നടത്താം. അതായത് ഇന്ത്യന്‍ സിം എടുക്കേണ്ടെന്ന് സാരം. അതായത് ദുബായില്‍ ജീവിക്കുന്ന രു ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഉപഭോക്താവിന് അയാളുടെ എത്തിസലാത്ത് സിം ഉപയോഗിച്ച് തന്നെ ഇന്ത്യയില്‍ യുപിഐ പേമെന്റുകള്‍ ഗൂഗിള്‍ പേയിലൂടെയോ ഫോണ്‍പേയിലൂടെയോ എല്ലാം നടത്താമെന്ന് സാരം. വിദേശത്തിരുന്നും യുപിഐ പേമെന്റ് ഇവര്‍ക്ക് നടത്താവുന്നതാണ്. അധിക ചാര്‍ജൊന്നും വരില്ല.
ഇന്ത്യക്കാരുടെ പണമിടപാട് രീതികളെ മാറ്റി മറിച്ച ഇന്നൊവേഷനായിരുന്നു യുപിഐ. 2025 മാര്‍ച്ചില്‍, ഒരു മാസം മാത്രം 24.77 ലക്ഷം കോടി രൂപ മൂല്യമുള്ള 18,301 ദശലക്ഷത്തിലധികം ഇടപാടുകള്‍ യുപിഐ ഉപയോഗിച്ച് നടന്നിരുന്നു. ഏകദേശം 46 കോടി വ്യക്തികളും 6.5 കോടി വ്യാപാരികളും ഇന്ന് യുപിഐ ഉപയോഗിക്കുന്നു. ഏറ്റവും ചെറിയ ഇടപാടുകളില്‍ പോലും ഡിജിറ്റല്‍ പണമിടപാട് സ്വാഭാവികമായി മാറിയിരിക്കുന്നു. ഇതില്‍ തന്നെ, ഏകദേശം 50 ശതമാനം സൂക്ഷ്മ പണമിടപാടുകളുടെ ഗണത്തിലാണ് കണക്കാക്കപ്പെടുന്നത്. ACI വേള്‍ഡ്വൈഡ് റിപ്പോര്‍ട്ട് 2024 പ്രകാരം, 2023 ല്‍ ആഗോള തത്സമയ ഇടപാടുകളുടെ 49% വും ഇന്ത്യയിലായിരുന്നു. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ഇന്ത്യയെ അതിവേഗത്തിലാണ് മുന്നോട്ട് നയിക്കുന്നത്.