തൃശൂർ: സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറബി ജ്യോതിഷി അറസ്റ്റിൽ ഒറ്റപ്പാലം സ്വദേശി പാലക്ക പറമ്പിൽ വീട്ടിൽ യൂസഫലി (45 )യെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്‌നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും അറബി ജ്യോതിഷം വഴി മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം.
യൂസഫലിയെ സ്ഥിരമായി കാണാനെത്തുന്ന സ്ത്രീയെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കുടുംബ പ്രശ്നങ്ങളും കഷ്ടതകളും മാറ്റുന്നതിനുവേണ്ടിയെന്നപേരിൽ പ്രതിയുടെ കാറളം കീഴ്‌ത്താണിയിൽ നടത്തി പോന്നിരുന്ന അറബി ജ്യോതിഷ സ്ഥാപനത്തിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
2024 ൽ നടന്ന സമാനമായ മറ്റൊരു കേസിലും യൂസഫലി പ്രതിയാണ്. നെഗറ്റീവ് എനർജി ഒഴിപ്പിച്ച് തരാമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പഴുവിലുള്ള സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അന്ന് പീഡനം. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സ്ത്രീ പരാതിപ്പെട്ടിരുന്നു.
സ്ത്രീകളെ വിളിച്ചുവരുത്തി ചികിത്സയെന്ന് വിശ്വസിപ്പിച്ച് ഒരു പ്രത്യേക ദ്രാവകം കയ്യിലും നെറ്റിയിലും തിരുമ്മി മൂക്കിൽ മണപ്പിച്ച് അർദ്ധ ബോധാവസ്ഥയിലാക്കുകയോ തളർത്തി കിടത്തുകയോ ചെയ്ത ശേഷമാണ് പീഡനം. പീഡനത്തിനിരയായ പല സ്ത്രീകൾക്കും സ്വർണാഭരണങ്ങൾ അടക്കം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.