പത്തനംതിട്ട: പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ. അദ്ധ്യക്ഷൻ എൻ രാജീവിനെയാണ് സസ്പെൻഡ് ചെയ്തത്. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഇയാൾ വെളിപ്പെടിത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതിജീവിതയുടെ കുടുംബം, രക്ഷിതാക്കളുടെ തൊഴിൽ, ജാതി തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥൻ പുറത്തുവിട്ടത്. ഇക്കാര്യങ്ങൾ രാജീവ് സമ്മതിച്ചതായാണ് വിവരം. കൂടാതെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പായി പ്രതിക്കും ബന്ധുവിനും കൂടിക്കാഴ്ച നടത്താനുള്ള അവസരം ഒരുക്കി കൊടുത്തതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. സംഭവത്തിൽ ഗുരുതര വീഴ്ചയാണ് രാജീവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. എൻ രാജീവിനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് വനിതാ ശിശുവികസന വകുപ്പ് അന്വേഷണം നടത്തിയിരുന്നു.















