ലക്നൗ: കാൻവർ യാത്രയ്ക്ക് മുന്നോടിയായി കർശന നിർദേശങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യാത്രാപാതകളിൽ പ്രവർത്തിക്കുന്ന കടകൾക്ക് മുന്നിൽ പേരെഴുതിയ ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും ഭക്തരുടെ വികാരങ്ങൾ മാനിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
യാത്രാവഴികളിൽ കശാപ്പുശാലകൾ പ്രവർത്തിക്കുന്നില്ലെന്ന് അധിൃതർ ഉറപ്പാക്കണം. ഭക്തർ ധാരാളം എത്തുന്നതിനാൽ സാമൂഹികവിരുദ്ധർ വേഷം മാറി യാത്രയിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഭക്തർക്ക് ആവശ്യമായ എല്ലാസൗകര്യങ്ങളിലും യാത്രാപാതകളിൽ ഒരുക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഘോഷയാത്രയ്‌ക്കിടെ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.
സംഘർഷങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ അധികപൊലീസ് സന്നാഹത്തെ വിന്യസിക്കുക, സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഉത്തരവിലെ മറ്റ് നിർദേശങ്ങൾ.
കാൻവർ യാത്ര ഒരു പ്രധാന തീർത്ഥാടനമാണെന്നും അതിനാൽ നിബന്ധനകൾ എല്ലാവരും പാലിക്കണമെന്നും യുപി മന്ത്രി ജയ്വീർ സിംഗ് പറഞ്ഞു. യാത്രാവഴികളിലുള്ള കശാപ്പുശാലകൾ അടച്ചിടണം. ഭക്തരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുത്. കടകളുടെ പേരുകൾ കടയ്‌ക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.















