ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ നിന്നുള്ള ഡാറ്റ ഇന്ത്യയിൽ നിന്നുതന്നെ വീണ്ടെടുത്തു. ബ്ലാക്ക് ബോക്സിന് കേടുപാടുകൾ പറ്റിയതിനാൽ ഡാറ്റ ലഭിക്കാൻ യുഎസിലക്ക് അയക്കേണ്ടി വരുമെന്ന അഭ്യുഹമുണ്ടായിരുന്നു. ബ്ലാക്ക് ബോക്സിന്റെ മെമ്മറി മൊഡ്യൂളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി
ജൂൺ 12 നാണ് എയർ ഇന്ത്യ ബോയിംഗ് 787- ഡ്രീം ലൈനർ വിമാനം തകർന്നുവിണത്. ജൂൺ 13 ന് സംഭവസ്ഥലത്ത് നിന്ന് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ബ്ലാക്ക് ബോക്‌സ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പരിശോധിച്ചുവരികയാണെന്നും വിദേശത്തേക്ക് അയക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേന്ദ്രസർക്കാരിന്റെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ആണ് വിമാനദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്നത്. ബ്ലാക്ക് ബോക്സിലെ ഡാറ്റയിലൂടെ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കൂ. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ, കോക്പിറ്റ് വോയ്സ് റിക്കോർഡർ എന്നിവ ചേർന്നതാണ് ബ്ലാക്ക് ബോക്സ്.
വിമാനത്തിന്റെ ഉയരം, വേഗം തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തുന്നതാണ് ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ. എൻജിൻ പ്രവർത്തനം, വിമാനപാത തുടങ്ങിയ വിവരങ്ങളും ഇതു 30 ദിവസത്തേക്കു രേഖപ്പെടുത്തിവയ്‌ക്കും. കോക്ക് പീറ്റിലെ സംഭാഷണങ്ങലും ശബ്ദങ്ങളുമൊക്കെ റിക്കോർഡ് ചെയ്യുന്നതാണു കോക്പിറ്റ് വോയ്സ് റിക്കോർഡർ. അവസാന 2 മണിക്കൂറിലെ ശബ്ദങ്ങളാണ് ഇതിലുണ്ടാകുക.















