റായ്പൂർ: ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടിലിൽ രണ്ട് വനിതാ മാവോയിസ്റ്റുകളെ വകവരുത്തി സുരക്ഷാസേന. ജില്ലാ റിസർവ് ഗാർഡും പ്രത്യേക ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. രഹസ്യാന്വേഷണ സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടന്നത്. മാവോയിസ്റ്റുകളുടെ കേന്ദ്രമായ നാരായൺപൂരിലായിരുന്നു ഏറ്റുമുട്ടൽ.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് മാവോയിസ്റ്റുകൾ തമ്പടിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. തെരച്ചിലിനിടെ സുരക്ഷാസേനയ്‌ക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. അഭുജ്മാദ് പ്രദേശത്തെ കൊക്കമേട്ട പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിലെ വനപ്രദേശത്താണ് ആദ്യം ഏറ്റുമുട്ടൽ നടന്നത്.
കഴിഞ്ഞ ദിവസം രാത്രി മുതൽ പ്രദേശത്ത് ഏറ്റുമുട്ടൽ നടന്നതായാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് റൈഫിളുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തു.















