ശ്രീനഗർ: ജമ്മുകശ്മീരിലെ ഉധംപൂർ വനമേഖലയിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം. കശ്മീർ പൊലീസും സുരക്ഷാസേനയും ഒരു വർഷമായി അന്വേഷിക്കുന്ന കൊടും ഭീകരരാണ് വനമേഖലയിൽ ഒളിച്ചിരിക്കുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന ബസന്ത്ഗഢ് പ്രദേശത്ത് തെരച്ചിൽ നടത്തിവരികയാണ്. കശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
കഴിഞ്ഞ വർഷം മുതൽ ഈ ഭീകരരെ നിരീക്ഷിച്ചുവരികയാണെന്നും വനമേഖല വളഞ്ഞ് തെരച്ചിൽ നടത്തുന്നുണ്ടെന്നും ജമ്മു റേഞ്ച് ഐജി പ്രതികരിച്ചു. കടുത്ത മൂടൽമഞ്ഞ് ഉണ്ടായിട്ടും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സൈന്യത്തിന്റെ പാരാ കമാൻഡോകളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അമർനാഥ് യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി സാംബ ജില്ലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താത്തതിനാൽ ഓപ്പറേഷൻ അവസാനിപ്പിക്കുകയായിരുന്നു.















