കാൺപൂർ: ഭാര്യയെ കാമുകനെകൊണ്ട് വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്. കാൺപൂരിലെ റസൂലാബാദിലാണ് സംഭവം. ഭാര്യയുടെ വർഷങ്ങളായുള്ള പ്രണയബന്ധം കണ്ടെത്തിയതോടെ 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭർത്താവ് കാമുകനെക്കൊണ്ട് അവരെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ യോഗേഷ് തിവാരി (40) 2010 ലാണ് സോണിയെ (30) വിവാഹം ചെയ്യുന്നത്. എന്നാൽ കനൗജ് സ്വദേശിയായ വികാസ് ദ്വിവേദിയുമായി സോണി പ്രണയത്തിലായിരുന്നു. ഇത് വിവാഹശേഷവും തുടർന്നു. സോണിയുടെ വിവാഹേതരബന്ധം യോഗേഷ് കണ്ടെത്തിയതോടെ ഇരുവർക്കുമിടയിൽ തർക്കങ്ങൾ പതിവായി.
അടുത്തിടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ സോണി ഭർതൃവീട്ടിലേക്ക് മടങ്ങിയതറിഞ്ഞ് വികാസും ഗ്രാമത്തിലെത്തി. ഇതറിഞ്ഞ് യോഗേഷ് പെട്ടന്നുണ്ടായ ദേഷ്യത്തിൽ പോലീസിനെ വിവരമറിയിച്ചു. എന്നാൽ പിന്നീട് മനസുമാറി ഭാര്യയുടെ ഇഷ്ടങ്ങൾ അംഗീകരിച്ച അയാൾ ഗ്രാമത്തലവന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് വിളിച്ചുകൂട്ടി ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകാൻ സമ്മതം അറിയിച്ചു.
ടിസ്റ്റി പൊലീസ് സ്റ്റേഷന് അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് ഭർത്താവ് ഭാര്യയുടെ വിവാഹം നടത്തി. തന്റെ 12 വയസുള്ള മകനെയും യോഗേഷ് അമ്മയ്‌ക്കൊപ്പം പോകാൻ അനുവദിച്ചു. ശേഷം വിവാഹബന്ധം വേർപെടുത്തിയതായുള്ള രേഖകളും കൈമാറി.















