തിരുവനന്തപുരം; കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പ് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ ആറുവരെ നടക്കുമെന്ന് കെസിഎ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ഹോട്ടൽ ഹയാത്തിൽ ചേർന്ന ഫ്രാഞ്ചൈസി മീറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. സഞ്ജു സാംൺ ഇക്കുറി കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നു എന്നതാണ് സീസൺ രണ്ടാം പതിപ്പിന്റെ മുഖ്യ ആകർഷണം.
ജൂലയ് 20 ന് വൈകുന്നേരം 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ലീഗിന്റെ പ്രൊമോഷൻ പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കും. ചടങ്ങിൽ വച്ച് കേരളത്തിന്റെ പ്രധാന ജില്ലകളിലൂടെ സഞ്ചരിക്കുന്ന മേളയുടെ വിളംബര വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. തുടർന്ന് ലഹരി വിരുദ്ധബോധവത്കരണ സന്ദേശയാത്രയുടെ ഉദ്ഘാടനവും മേളയുടെ ഭാഗ്യചിഹ്ന്നത്തിന്റെ പ്രകാശനവും നടക്കും. 7 മണിമുതൽ പ്രശസ്ത മ്യൂസിക് ബാൻഡായ ‘അഗം’ അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
രണ്ടാം സീസൺ വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്റ്റാർ സ്‌പോർട്‌സ്, ഫാൻകോഡ് എന്നിവ കൂടാതെ ഇത്തവണ ഏഷ്യാനെറ്റിൽ പ്ലസിലും തത്സമയ സംപ്രേക്ഷണമുണ്ടാകും. റെഡ് എഫ്.എം ആണ് ലീഗിന്റെ റേഡിയോ പാർട്ണർ. താരലേലം ജൂലൈ 5ന് രാവിലെ പത്തു മണിക്ക് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ആരംഭിക്കും.















