ധാക്ക: ധാക്കയിൽ ഹിന്ദുക്ഷേത്രം പൊളിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ഭരണകൂടം. റെയിൽവേ ഭൂമിയിൽ നിർമ്മിച്ചുവെന്ന് ആരോപണമഉയർത്തിയാണ് ഖിൽഖേത് ദുർഗ്ഗാ ക്ഷേത്രം പൊളിച്ചുനീക്കിയത്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെയും അവരുടെ ആരാധനാലയങ്ങളും സംരക്ഷിക്കണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു.
ഹിന്ദു സമുദായ അംഗങ്ങളുടെ പ്രതിഷേധങ്ങൾ അവഗണിച്ച് വ്യാഴാഴ്ച പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ചാണ് ക്ഷേത്രം പൊളിച്ചുമാറ്റിയത്. ബംഗ്ലാദേശ് റെയിൽവേയുടെ ധാക്ക ഡിവിഷനിലെ ഡെപ്യൂട്ടി കമ്മീഷണറും ഡിവിഷണൽ എസ്റ്റേറ്റ് ഓഫീസറും ഈ ആഴ്ച ആദ്യം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം പൊളിച്ചുമാറ്റിയതെന്നാണ് സർക്കാർ വാദം.
ധാക്കയിലെ പുർബച്ചൽ ആർമി ക്യാമ്പിൽ നിന്ന് ബുൾഡോസറുകൾ ക്ഷേത്രപരിസരത്ത് എത്തി. ഹിന്ദു സ്ത്രീകളും പുരുഷന്മാരും ക്ഷേത്രത്തിന് മുന്നിൽ ഇരുന്നു പ്രതിഷേധിച്ചു, എന്നാൽ സൈന്യം അവരെ അടിച്ചമർത്തി ക്ഷേത്രം പൊളിച്ചു. ക്ഷേത്രം പൊളിച്ചുമാറ്റുന്നതിനെതിരെ വെള്ളിയാഴ്ച ബംഗ്ലാദേശ് സമ്മിളിത് സനാതനി ജാഗ്രൺ ജോട്ട് എന്ന ഹിന്ദു സംഘടന ധാക്കയിലെ ഷാബാഗ് പ്രദേശത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുപകരം, ഇടക്കാല സർക്കാർ ഈ സംഭവത്തെ നിയമവിരുദ്ധമായ ഭൂവിനിയോഗമായി ചിത്രീകരിച്ച് ക്ഷേത്രം നശിപ്പിക്കാൻ അനുവദിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഹിന്ദുക്കളെയും അവരുടെ സ്വത്തുക്കളെയും മതസ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ജയ്‌സ്വാൾ അടിവരയിട്ടു.















