ന്യൂഡൽഹി: സൈബർ തട്ടിപ്പുകാരെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി സിബിഐയുടെ മിന്നൽ പരിശോധന. ഓപ്പറേഷൻ ചക്ര-5 ന്റെ ഭാഗമായി ആറ് സംസ്ഥാനങ്ങളിലായി പരിശോധന നടന്നു. സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 42 പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നത്.
സംഭവത്തിൽ ഒമ്പത് പേരെ സിബിഐ അറസ്റ്റ് ചെയ്തു. എട്ട് ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകളാണ് കണ്ടെത്തിയത്. (കള്ളപ്പണം വെളുപ്പിക്കുന്നതിനും മറ്റ് അനധികൃത കുറ്റകൃത്യങ്ങൾക്കുമായി മറ്റൊരു വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ കൈയിൽ നിന്ന് വാടകയ്‌ക്കെടുക്കുന്ന ബാങ്ക് അക്കൗണ്ടുകൾ). പ്രതികളിൽ ഇടനിലക്കാർ, ബാങ്ക് കറസ്പോണ്ടന്റുകൾ, ഏജന്റുമാർ, അക്കൗണ്ട് ഉടമകൾ എന്നിവരും ഉൾപ്പെടുന്നു.
രാജ്യത്തിന്റെ വിവിധ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ നിന്നും 8.5 ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റെയ്ഡിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ, കെവൈസി രേഖകൾ മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തു.
മ്യൂൾ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നവരെ പുറത്തുകൊണ്ടുവരാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ തുറക്കാനും പ്രവർത്തിപ്പിക്കാനും സഹായിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥർ, ഏജന്റുമാർ, ഇടനിലക്കാർ എന്നിവരെ കണ്ടെത്താനാണ് സിബിഐയുടെ അടുത്ത നീക്കം.















