ബെംഗളൂരു: സജീവ ക്രിക്കറ്റില്‍ നിന്ന് പതിയെ പിന്‍വാങ്ങുന്നതിനൊപ്പം സ്‌പോര്‍സ് ബിസിനസിലേക്ക് കൂടൂതല്‍ അടുത്ത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌വെയര്‍ കമ്പനിയായ അജിലിറ്റാസില്‍ 40 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം കോഹ്ലി നടത്തി. ആഗോള സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ പ്യൂമയുടെ ബ്രാന്‍ഡ് അംബാസഡറായുള്ള എട്ടു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് കോഹ്ലി അജിലിറ്റാസുമായി കൈകോര്‍ക്കുന്നത്.
2017 ല്‍ കോഹ്ലിയെ പ്യൂമയുടെ അംബാസഡറാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മുന്‍ പ്യൂമ ഇന്ത്യ മേധാവി അഭിഷേക് ഗാംഗുലിയാണ് അജിലിറ്റാസിന്റെ സഹസ്ഥാപകനും സിഇഒയും. ഈ ബന്ധമാണ് ബിസിനസിലേക്ക് മാറിയിരിക്കുന്നത്.
ബിസിനസ് പങ്കാളി
അജിലിറ്റാസില്‍ കോഹ്ലി ഒരു നിക്ഷേപകനേക്കാള്‍ ഉപരി ഒരു ബിസിനസ് പങ്കാളി കൂടിയായിരിക്കും. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട എല്ലാ ഇല്‍പ്പന്നങ്ങളും സൃഷ്ടിക്കാനും ആഗോള ബ്രാന്‍ഡാകാനും ലക്ഷ്യമിടുന്ന കമ്പനിയുടെ വളര്‍ച്ചയില്‍ കോഹ്ലി സജീവ പങ്കുവഹിക്കുകയും ചെയ്യും. ബിസിനസ് തീരുമാനങ്ങളിലും കോഹ്ലിയുടെ ഇടപെടലുണ്ടാകും. പ്രാരംഭ നിക്ഷേപം മാത്രമാണ് കോഹ്ലി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കമ്പനിയിലേക്ക് വലിയ തുക പിന്നീട് നിക്ഷേപിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
അഡിഡാസ്, പ്യൂമ, ന്യൂ ബാലന്‍സ്, സ്‌കെച്ചേഴ്‌സ്, റീബോക്ക്, ആസിക്‌സ്, ക്രോക്‌സ്, ഡെക്കാത്‌ലോണ്‍, ക്ലാര്‍ക്‌സ്, യുഎസ് പോളോ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകള്‍ക്കായി ഷൂസ് നിര്‍മ്മിക്കുന്ന മോച്ചിക്കോ ഷൂസിനെ 2023ല്‍ അജിലിറ്റാസ് ഏറ്റെടുത്തിരുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഓസ്‌ട്രേലിയയിലും ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ ലോട്ടോയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കരാറും അജിലിറ്റാസ് നേടിയിട്ടുണ്ട്.















