കളിക്കളത്തിനകത്തും പുറത്തും സത്യസന്ധനും നിർഭയനുമായ വ്യക്തിത്വത്തിനുടമയാണ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. 2006 കാലഘട്ടത്തിലെ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യ എ പര്യടനത്തെ അനുസ്മരിച്ചുകൊണ്ട്, ധവാൻ നടത്തിയ വെളിപ്പെടുത്തലുകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പര്യടനത്തിനിടെ തന്റെ പെൺസുഹൃത്തിനെ രോഹിത് ശർമ്മയുമായി പങ്കിട്ട ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നതും സംഭവത്തിൽ രോഹിതിന്റെ പ്രതികരണവും അദ്ദേഹം പങ്കുവച്ചു. പെൺകുട്ടിയുമായുള്ള തന്റെ അടുപ്പം ടീമിൽ പ്രചരിച്ചതും ധവാൻ കൂട്ടിച്ചേർത്തു.
“അവൾ വളരെ സുന്ദരിയായിരുന്നു, പെട്ടെന്ന് ഞാൻ വീണ്ടും പ്രണയത്തിലായി! ‘എനിക്ക് പറ്റിയ ആളാണ് അവൾ, ഞാൻ അവളെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് ഞാൻ മനസ്സിൽ കരുതി,” ധവാൻ തന്റെ ആത്മകഥയിൽ പറയുന്നു.
“ഒരു പരിശീലന മത്സരത്തിൽ ഞാൻ അർദ്ധ സെഞ്ച്വറിയോടെയാണ് തുടങ്ങിയത്, എന്റെ ടൂർ നന്നായി പൊയ്‌ക്കൊണ്ടിരുന്നു. ഓരോ മത്സരത്തിനു ശേഷവും ഞാൻ അവളെ കാണാൻ പോകുമായിരുന്നു, താമസിയാതെ ഞാൻ അവളെ രോഹിത് ശർമ്മയുമായി പങ്കിടുന്ന എന്റെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവരാൻ തുടങ്ങി. ‘എന്നെ ഒന്ന് ഉറങ്ങാൻ വിടുമോ’ എന്ന് ഇടയ്‌ക്കിടെ അവൻ (രോഹിത്) ഹിന്ദിയിൽ പരാതിപ്പെടും,” ധവാൻ പറഞ്ഞു.
“ഒരു വൈകുന്നേരം, ഞങ്ങൾ ഒരുമിച്ച് അത്താഴത്തിന് പോയപ്പോൾ, അവൾ കൂടെയുണ്ടെന്ന വാർത്ത മുഴുവൻ ടീമിലും കാട്ടുതീ പോലെ പടർന്നു. ഞങ്ങളോടൊപ്പം പര്യടനത്തിലായിരുന്ന ഒരു മുതിർന്ന ദേശീയ സെലക്ടർ, ഞങ്ങൾ കൈകൾ ചേർത്ത് ലോബിയിലൂടെ നടക്കുന്നത് കണ്ടു,” ധവാൻ ഓർത്തെടുത്തു. ആ ഓസ്‌ട്രേലിയൻ പര്യടനത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിരുന്നെങ്കിൽ, സീനിയർ ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയുമായിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.















