ടോക്ക്യോ: 2022 ന് ശേഷമുള്ള ആദ്യത്തെ വധശിക്ഷ നടപ്പിലാക്കി ജപ്പാൻ. ‘ട്വിറ്റർ കില്ലർ’ എന്നറിയപ്പെടുന്ന തകഹിരോ ഷിറൈഷിയെയാണ് തൂക്കിലേറ്റിയത്. ഒമ്പത് പേരെ കൊലപ്പെടുത്തിയതിന് 2017 ൽ 34 കാരനായ തകഹിരോ ഷിറൈഷി വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ ആത്മഹത്യാ പ്രവണതയുള്ള സ്ത്രീകളെ തിരഞ്ഞെടുത്ത് മരിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ഷിറൈഷി ഇവരെ കൊലപ്പെടുത്തിയ ശേഷം, അവരുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി തന്റെ അപ്പാർട്ട്മെന്റിനുള്ളിലെ കൂളറുകളിൽ ഒളിപ്പിക്കുകയായിരുന്നു.
15 നും 26 നും ഇടയിൽ പ്രായമുള്ള 9 സ്ത്രീകളെയാണ് ഇയാൾ ടോക്കിയോയ്‌ക്കടുത്തുള്ള തന്റെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയത്. 2017 ൽ ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത 23 വയസ്സുള്ള ഒരു സ്ത്രീയുടെ തിരോധാനം പൊലീസിന്റെ അന്വേഷണം ഷിറൈഷിയിലേക്ക് എത്തിച്ചു. ഇത് മറ്റ് കൊലപാതകങ്ങളും വെളിച്ചത്തുകൊണ്ടുവന്നു.
ഒമ്പത് ഇരകളെ തല്ലുകയും ശ്വാസം മുട്ടിക്കുകയും കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്തു, തുടർന്ന് ശരീരഭാഗങ്ങൾ വികൃതമാക്കി പെട്ടികളിൽ ഒളിപ്പിച്ചു. ചിലവ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചു. സ്വന്തം ലൈംഗിക, സാമ്പത്തിക ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനുള്ള സ്വാർത്ഥ ലക്ഷ്യത്തോടെയാണ് ഷിറൈഷി കുറ്റകൃത്യങ്ങൾ ചെയ്തതെന്ന് ജപ്പാനിലെ നീതിന്യായ മന്ത്രി പറഞ്ഞു.















