ഫരീദാബാദിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഭർതൃപിതാവ് പീഡനത്തിനിരയാക്കിയതായി കണ്ടെത്തി. കൊലപാതകത്തിന് ഭർത്താവും ഭർതൃമാതാവും നത്തൂനുമാണ് ഒത്താശ ചെയ്തത്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് യുവതിയുടെ കൊലയിലേക്ക് നയിച്ചത്. യുവതിയുടെ ഭർത്താവ് അരുൺ സിംഗ് പിടിയാലാകാനുണ്ട്. മുഖ്യപ്രതിയായ ഭർതൃ പിതാവ് ഭൂപ് സിംഗിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വ്യക്തമായി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഭൂപ് സിംഗിന്റെ ഭാര്യ സോണിയ, മകൾ കാജൽ എന്നിവരും പ്രതികളാണ്.
24-കാരിയായ ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ മുതൽ യുവതിയെ കാണാനില്ലെന്ന് കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. 2023 ജുലായിലായിരുന്നു വിവാഹം. വീടിന് മുന്നിലെ റോഡിൽ വലിയ കുഴിയെടുത്ത് അതിലിട്ടാണ് യുവതിയുടെ മൃതദേഹം മൂടിയത്. കോൺക്രീറ്റ് സ്ലാബുകളും ഇതിന് മുകളിലിട്ടു. സ്വീവേജിന് വേണ്ടിയാണ് കുഴിയെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞിരുന്നത്.
യുവതിയെ കൊല്ലാനുള്ള തീരുമാനം ഏപ്രിൽ 14-നാണ് സ്വീകരിക്കുന്നത്. 21-നാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഭാര്യാമാതാവിനെ ഒരു വിവാഹത്തിനായി പറഞ്ഞയച്ചു. ശേഷം അരുൺ സിംഗ് ആഹാരത്തിൽ ഉറക്ക ഗുളികൾ കലർത്തി ഭാര്യക്കും സഹോദരിക്കും നൽകി. ഇരുവരും രണ്ടു നിലകളിലുള്ള മുറികളിലാണ് ഉറങ്ങിയത്.
യുവതിയെ കൊലപ്പെടുത്താൻ മുറിയിൽ കയറിയ ഭർതൃപിതാവ് കൃത്യം നടത്തുന്നതിന് മുൻപ് ബോധരഹിതയായിരുന്ന യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. ശേഷം ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു. പീഡന വിവരം മകനോടോ ഭാര്യയോടോ പറഞ്ഞില്ല. ശേഷം മകനെ മുകളിലക്ക് വിളിച്ച് മൃതദേഹം പൊതിഞ്ഞ് നേരത്തെ എടുത്തി രുന്ന കുഴിയിൽ തള്ളി മൂടുകയായിരുന്നു. 25-ാം തീയതിയാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവിന്റെ കുടുംബം പരാതി നൽകുന്നത്. തഹസിദാറിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.















