ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണക്കേസിലെ ഭീകരർക്ക് അഭയം നൽകിയത്തിന് അറസ്റ്റിലായ രണ്ട് പ്രതികളെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ പ്രത്യേക കോടതി. രണ്ട് പ്രതികളുടെയും അഞ്ച് ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതോടെ എൻഐഎ ഇരുവരെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി 10 ദിവസത്തെ കസ്റ്റഡി കൂടി അനുവദിച്ചത്.
പഹൽഗാമിലെ ബട്കോട്ട് സ്വദേശി പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാമിലെ ഹിൽ പാർക്ക് സ്വദേശി ബഷീർ അഹമ്മദ് ജോത്തർ എന്നീ രണ്ട് പ്രതികളുടെ കസ്റ്റഡിയാണ് കോടതി നീട്ടി നൽകിയത്. ഭീകരാക്രമണത്തിന് മുൻപ് പർവൈസും ബഷീറും ഹിൽ പാർക്കിലെ ഒരു സീസണൽ ‘ധോക്കിൽ’ (കുടിലിൽ) ഭീകരർക്ക് അറിഞ്ഞുകൊണ്ട് അഭയം നൽകിയിരുന്നു. ഇരുവരും ഭീകരർക്ക് ഭക്ഷണം, താമസം, ആയുധങ്ങൾ എന്നിവ നൽകി സഹായിച്ചതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ ഇരുവരും ചോദ്യം ചെയ്യലിൽ ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ആയുധധാരികളായ ഭീകരരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുകയും ഇവർ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ യുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.