കൊല്ലം: മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. കൊല്ലത്ത് കടപ്പാക്കടയിലാണ് സംഭവം. അക്ഷയനഗർ സ്വദേശി വിഷ്ണു എസ് പിള്ളയാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ അച്ഛൻ ശ്രീനിവാസ പിള്ളയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വിഷ്ണുവിന്റെ അമ്മ മകളുടെ വീട്ടിലായിരുന്നു. രാവിലെ തിരികെ വീട്ടിലെത്തിയ അമ്മ വീട് അടച്ചിട്ടിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് വിഷ്ണു. രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ടും നിയമപരമായി പേർപിരിയുകയും ചെയ്തു. അഭിഭാഷകനായ ശ്രീനിവാസപിള്ള കഴിഞ്ഞ 10 വർഷമായി പ്രാക്ടീസ് ചെയ്തിരുന്നില്ല. മകന്റെ സന്തോഷത്തിന് വേണ്ടി വീടിന് മുന്നിൽ ട്യൂഷൻ സെന്ററുകളുടെയും നിർമാണ കമ്പനികളുടെയും ബോർഡ് സ്ഥാപിച്ചിരുന്നു. കേസിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















