ഇസ്ലാമബാദ്: പാകിസ്ഥാനിൽ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. സാധാരണക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 29 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണ്. പാകിസ്ഥാൻ താലിബാന്റെ വിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഭവം. സ്ഫോടക വസ്തുക്കൾ നിറച്ച കാർ സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്ന് പാക് മാദ്ധ്യമങ്ങൾ പറയുന്നു.
2021-ൽ അഫ്ഗാന്റെ ഭരണം താലിബാൻ കയ്യടക്കിയ ശേഷം പാക് അതിർത്തിയിൽ ചാവേർ സ്ഫോടനങ്ങളുടെ എണ്ണം കുത്തനെ വർദ്ധിച്ചു. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും വിമോചന പോരാട്ടം ശക്തമാണ്. ഈ വർഷം മാത്രം ആക്രമണങ്ങളിൽ ഏകദേശം 290 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സൈനികരാണെന്നും വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.