ന്യൂഡെല്‍ഹി: പണം പിന്‍വലിക്കുന്ന സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇപിഎഫ്ഒ. എടിഎമ്മുകള്‍ വഴിയോ യുപിഐ സംവിധാനം ഉപയോഗിച്ചോ പിഎഫ് എക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന പുതിയ സംവിധാനമാണ് ലോഞ്ച് ചെയ്യാന്‍ തയാറായിരിക്കുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം വേണ്ടവര്‍ക്ക് ഇപിഎഫ്ഒയില്‍ നിന്ന് ഇപ്രകാരം പണം അതിവേഗം പിന്‍വലിക്കാം.
പിന്‍വലിക്കലിന് പരിധി
പുതിയ സംവിധാനം പ്രാവര്‍ത്തികമാകുന്നതിന് ഇപിഎഫ് അക്കൗണ്ടുകള്‍ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണം. പിഎഫ് എക്കൗണ്ടിലെ മുഴുവന്‍ തുകയും എടിഎമ്മിലൂടെയോ യുപിഐ വഴിയോ പിന്‍വലിക്കുന്നതിന് ലഭ്യമാവില്ല. ഒരു നിശ്ചിത ശതമാനം തുക എക്കൗണ്ടില്‍ തന്നെ സൂക്ഷിക്കണം. എന്നിരുന്നാലും ഗണ്യമായ ഒരു തുക തന്നെ ഡെബിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ യുപിഐ ഉപയോഗിച്ച് പിന്‍വലിക്കാന്‍ ലഭ്യമാകുമെന്നാണ് തൊഴില്‍ മന്ത്രാലയം നല്കുന്ന വിവരം.
ക്ലെയിമുകള്‍ വേണ്ട
നിലവില്‍ ഇപിഎഫിലുള്ള പണം പിന്‍വലിക്കണമെങ്കില്‍ അംഗങ്ങള്‍ ഓണ്‍ലൈനായോ ഓഫ്ലൈനായോ ഒരു ക്ലെയിം ഫയല്‍ ചെയ്യണം. സമയമെടുക്കുന്ന പ്രക്രിയയാണിത്. വിവരങ്ങള്‍ കൃത്യമായില്ലെങ്കില്‍ ക്ലെയിം നിരസിക്കപ്പെടുകയും വീണ്ടും അപേക്ഷ നല്‍കുകയും മറ്റും വേണം. അടിയന്തരമായി പണം ആവശ്യമുള്ളവരെ വലയ്ക്കുന്നതാണ് ഈ സാഹചര്യം.
മൂന്ന് ദിവസത്തിനുള്ളില്‍ ക്ലെയിമുകള്‍ ക്ലിയര്‍ ചെയ്യുന്ന ഒരു ഓട്ടോസെറ്റില്മെന്റ് സംവിധാനം ഇപിഎഫ്ഒയ്ക്ക് ഉണ്ടെങ്കിലും അതിനും ക്ലെയിം സമര്‍പ്പിക്കേണ്ടതുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്താണ് ഈ സംവിധാനം ഇപിഎഫ്ഒ കൊണ്ടുവന്നത്. ഇതിനെ കുറച്ചുകൂടി പരിഷ്കരിച്ച് ഇപിഎഫിനെ എപ്പോഴും ആവശ്യത്തിനുതകുന്ന ഒരു എമര്‍ജന്‍സി ഫണ്ടായി മാറ്റുകയാണ് വാസ്തവത്തില്‍ കേന്ദ്ര സര്‍ക്കാര്‍.
ഏറെ ആശ്വാസം
ക്ലെയിം സമര്‍പ്പിക്കാതെ അതിവേഗം പണം പിന്‍വലിക്കാനാവുന്നത് 7.37 കോടി വരുന്ന ഇപിഎഫ് അംഗങ്ങളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. അടുത്തിടെ ഓട്ടോസെറ്റില്മെന്റ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. മെഡിക്കല്‍ ചെലവുകള്‍, വിദ്യാഭ്യാസം, ഭവനം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്കായി അംഗങ്ങള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ 5 ലക്ഷം രൂപ വരെ സ്വയമേവ ക്ലിയര്‍ ചെയ്യാന്‍ ഇതോടെ കഴിയും.
സമയലാഭം
പ്രതിവര്‍ഷം 5 കോടിയിലധികം പിന്‍വലിക്കല്‍ അഭ്യര്‍ത്ഥനകള്‍ നിലവില്‍ പ്രോവിഡന്റ് ഫണ്ട് ഓഫീസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിലെ കാലതാമസം കുറയ്ക്കാനും ഇപിഎഫ്ഒയുടെ ഭാരം ലഘൂകരിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കും. ഒരേസമയം ഇപിഎഫ്ഒയ്ക്കും അംഗങ്ങള്‍ക്കും പേപ്പര്‍വര്‍ക്കുകള്‍ കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും പുതിയ പദ്ധതി ഉതകും.















