ന്യൂഡെല്‍ഹി: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ (സിഡിപിഎല്‍സി) നിയന്ത്രണാവകാശം ഇന്ത്യയുടെ കൈകളിലേക്ക്. ഇന്ത്യയുടെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണ് കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ 51% ഓഹരികള്‍ വാങ്ങുന്നത്. ഏകദേശം 452 കോടി രൂപയാണ് ഇതിനായി മസഗണ്‍ ഡോക്ക് മുടക്കുക. ഒരു ഇന്ത്യന്‍ കപ്പല്‍ശാല നടത്തുന്ന ആദ്യത്തെ വിദേശ ഏറ്റെടുക്കലാണിത്. 4 മുതല്‍ 6 മാസത്തിനുള്ളില്‍ ഓഹരി കൈമാറ്റം പൂര്‍ത്തിയായേക്കും.
തന്ത്രപരമായ സ്ഥാനം, ചൈനക്ക് തിരിച്ചടി
കൊളംബോ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന സിഡിപിഎല്‍സി, മസഗോണ്‍ ഡോക്കിന് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഒരു തന്ത്രപരമായ സ്ഥാനം നല്‍കും. പ്രത്യേകിച്ച് അന്താരാഷ്‌ട്ര കപ്പല്‍ചാലിനോട് ചേര്‍ന്നുള്ള ഈ കപ്പല്‍ശാലയുടെ സാന്നിധ്യം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ തന്ത്രങ്ങള്‍ക്കേറ്റ വന്‍ തിരിച്ചടി കൂടിയാണിത്. ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്തിന്റെ ഭൂരിഭാഗം ഓഹരികള്‍ ചൈന നേരത്തെ സ്വന്തമാക്കിയിരുന്നു. വെറുമൊരു ഏറ്റെടുക്കല്‍ മാത്രമല്ല ഒരു കവാടമാണ് തുറന്നുകിട്ടുന്നതെന്ന് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ക്യാപ്റ്റന്‍ ജഗ്മോഹന്‍ പറയുന്നു.
‘ഇത് വെറുമൊരു ഏറ്റെടുക്കല്‍ മാത്രമല്ല, ഒരു കവാടമാണ്. ഇത് ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്‌ട്ര മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. കൂടാതെ ഒരു ആഗോള കപ്പല്‍ നിര്‍മ്മാണ സംരംഭമായി മാറാനുള്ള ഞങ്ങളുടെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നു. കൊളംബോ ഡോക്ക്‌യാര്‍ഡിന്റെ തന്ത്രപരമായ സ്ഥാനം, തെളിയിക്കപ്പെട്ട കഴിവുകള്‍, ശക്തമായ പ്രാദേശിക സാന്നിധ്യം എന്നിവയാല്‍ ഈ നടപടി എംഡിഎലിനെ ദക്ഷിണേഷ്യയിലെ ഒരു പ്രധാന കളിക്കാരനായി സ്ഥാപിക്കുകയും ഒരു ആഗോള കപ്പല്‍ശാല എന്ന നിലയില്‍ ഞങ്ങളുടെ ഉയര്‍ച്ചയ്‌ക്ക് അടിത്തറയിടുകയും ചെയ്യും,’ ക്യാപ്റ്റന്‍ ജഗ്മോഹന്‍ പറഞ്ഞു.
വലിയ വളര്‍ച്ചാ സാധ്യതകള്‍
1974 ജൂണ്‍ 14 ന് സ്ഥാപിതമായ കൊളംബോ ഡോക്ക്‌യാര്‍ഡ്, ജപ്പാന്‍, നോര്‍വേ, ഫ്രാന്‍സ്, യുഎഇ, ഇന്ത്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കായി ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് വെസലുകള്‍, കേബിള്‍ലെയിംഗ് കപ്പലുകള്‍, ടാങ്കറുകള്‍, പട്രോള്‍ ബോട്ടുകള്‍ എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഇന്‍ഹൗസ് ഡിസൈന്‍, നിര്‍മ്മാണവും അഡ്വാന്‍സ്ഡ് റിപ്പയറും, മറൈന്‍ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ എന്നിങ്ങനെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ശ്രീലങ്കയിലെ ഏക കപ്പല്‍ശാലയാണിത്. 2024ല്‍ കൊളംബോ ഡോക്ക്‌യാര്‍ഡ് 2.48 ബില്യണ്‍ രൂപയുടെ (70.7 കോടി രൂപ) നഷ്ടം നേരിട്ടിരുന്നു. നിലവില്‍ കമ്പനിയെ നിയന്ത്രിക്കുന്നത് ജാപ്പനീസ് കമ്പനിയായ ഒനോമിച്ചി ഡോക്ക്‌യാര്‍ഡാണ്. ജാപ്പനീസ് കമ്പനിയില്‍ നിന്നാണ് മസഗോണ്‍ ഡോക്ക് കപ്പല്‍ശാലയുടെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കിയത്.















