ടെൽഅവീവ്: ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് ഭീകരനേതാവ് ഹഖാം മുഹമ്മദ് ഇസ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേനയുടെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേൽ സുരക്ഷാ ഏജൻസിയുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ആക്രമണം.
മുതിർന്ന കമാൻഡർമാരിൽ ഒരാളാണ് ഹഖാം മുഹമ്മദ് ഇസ. ഹമാസിന്റെയും സൈനിക വിഭാഗത്തിന്റെയിം സ്ഥാപക അംഗമായിരുന്നു ഇയാൾ. ഒക്ടോബർ ഏഴിന് ഗാസയിൽ നടന്ന ഹമാസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹഖാം മുഹമ്മദെന്ന് ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു.
ഹമാസ് ഭീകരാക്രമണത്തിൽ 1,200 ലധികം ഇസ്രയേലികൾ കൊല്ലപ്പെടുകയും 250 ഓളം പേർ ബന്ദികളാക്കുകയും ചെയ്തു. ആക്രമണം ആസൂത്രണം ചെയ്തതിൽ പ്രധാന പങ്കുവഹിച്ച ആളാണ് ഹഖാം മുഹമ്മദ്. ഇസ്രയേലിലെ ജനങ്ങൾക്കും സൈനികർക്കും നേരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്തതും ഇയാളാണെന്ന് ഐഡിഎഫ് വ്യക്തമാക്കി.
ലെബനനിൽ ഹിസ്ഹുള്ള ഭീകരൻ അബ്ബാസ് അൽ ഹസ്സൻ വഹ്ബിയെ വധിച്ചതായി ഐഡിഎഫ് അറിയിച്ചു. ഇയാൾ രഹസ്യാന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതായും ആയുധ കൈമാറ്റങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായും പ്രതിരോധസേന കണ്ടെത്തി.















