ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് പേർ മരിച്ചു. അമ്പതോളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു അപകടം. ഖുർദ സ്വദേശികളാണ് മരിച്ചത്.
രഥയാത്രയ്ക്കിടെ ശാരദാബലിക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. ജനക്കൂട്ടം ക്ഷേത്രത്തിനുള്ളിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ പുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറ് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ദർശനത്തിനായി ഭക്തർ തള്ളിക്കയറിയത് അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി. നിലത്തുവീണവരുടെ ദേഹത്തേക്ക് ആളുകൾ വീണുകൊണ്ടിരുന്നു. ഇത് കൂടുതൽ ദുരന്തത്തിലേക്ക് വഴിവയ്‌ക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുണ്ടായ പിഴവും അന്വേഷിക്കുന്നുണ്ട്. പത്ത് ലക്ഷത്തോളം ഭക്തരാണ് ഇത്തവണ രഥയാത്രയിൽ പങ്കെടുത്തതെന്നാണ് നിഗമനം.