ന്യൂഡൽഹി: അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ വ്യക്തികളെ രാജ്യം എന്നും ഓർമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ ശക്തി നിലനിർത്താൻ അടിയന്തരാവസ്ഥാ കാലം ജനങ്ങളെ എന്നും പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ കോൺഗ്രസിനെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ഭരണഘടനയെ കൊലപ്പെടുത്തുക മാത്രമല്ല അവർ ചെയ്തതെന്നും നീതിന്യായ വ്യവസ്ഥയെ കളിപ്പാവയാക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
1975-നും 1977-നും ഇടയിലുള്ള കാലഘട്ടത്തിൽ ജനങ്ങൾ വലിയ തോതിൽ പീഡിപ്പിക്കപ്പെട്ടു. മറക്കാൻ സാധിക്കാത്ത നിരവധി ഉദാഹരണങ്ങളുണ്ട്. വിദ്യാർത്ഥകളെ ഉപദ്രവിക്കുകയും അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് വിലങ്ങുതടിയാവുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു.
മനുഷ്യത്വരഹിതമായ പെരുമാറ്റമായിരുന്നു അന്നത്തെ പൊലീസിന്റേത്. ഒടുവിൽ ജനങ്ങൾക്ക് മുന്നിൽ അവർക്ക് തോറ്റുകൊടുക്കേണ്ടിവന്നു. അടിയന്തരാവസ്ഥ പിൻവലിച്ചു. ജനങ്ങൾ വിജയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.