ന്യൂഡൽഹി: അമേരിക്കയിൽ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ യുവതിയെ കാണാതായി. സിമ്രാൻ എന്ന് പേരുള്ള 24 കാരിയെയാണ് യുഎസിൽ എത്തിയതിന് പിന്നാലെ കാണാതായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ന്യൂ ജേഴ്സിയിലെ ലോക്കൽ പൊലീസ് അറിയിച്ചു.
യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ യുവതിൽ കയ്യിലിരുന്ന ഫോൺ പരിശോധിച്ച ശേഷം ആർക്കുവേണ്ടിയോ കാത്തുനിൽക്കുന്നതായി കാണാം. മുഖത്തു യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളോ വിഷമമോ പ്രകടമായിരുന്നില്ല. വിവിഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ ജൂൺ 20 നാണ് സിമ്രാൻ ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തിയത്.
അതേസമയം സിമ്രാൻ വിവാഹത്തിനായി യുഎസിൽ വന്നിരിക്കില്ലെന്നും രാജ്യത്ത് സൗജന്യമായി യാത്ര ചെയ്യുക മാത്രമാണ് അവർ ആഗ്രഹിച്ചിരിക്കുകയെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. യുവതിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നുവെന്നും അവർക്ക് യുഎസിൽ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല എന്നും അധികൃതർ പറഞ്ഞു. ഇന്ത്യയിലുള്ള അവരുടെ ബന്ധുക്കളെ ബന്ധപ്പെടാൻ അധികൃതർ നിരവധി തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.















