ലഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. ലഹരി കഴിക്കുന്നതിന് പകരം മറ്റെന്തെങ്കിലും ആഹാരം കഴിക്കുമെന്നും ഗെയിംസിലൊക്കെ സജീവമാകാറുണ്ടെന്നും ഷൈൻ പറഞ്ഞു. പിതാവ് ചാക്കോയുടെ അപകടമരണത്തിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“ഹോട്ടലിലെ റെയ്ഡിനൊക്കെ ശേഷം ലഹരിഉപയോഗം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു. വീണ്ടും ചിട്ടയോടുള്ള ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. ഒരു ദുശ്ശീലങ്ങളും ഇല്ലായിരുന്നു. എന്റെ സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെയുള്ള വ്യത്യാസം മനസിലാക്കാൻ സാധിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്നതിന് പകരമായി ഗെയിംസിലും മറ്റും സമയം കണ്ടെത്തി.
ഇനി അച്ഛനെയും അമ്മയെയും വിഷമിപ്പിക്കരുതെന്ന ചിന്ത ഉണ്ടായിരുന്നു. അങ്ങനെയാണ് ചികിത്സയ്‌ക്ക് പോകാനും ഞാൻ സമ്മതിച്ചത്. ഞാൻ പുറകിലുള്ള സീറ്റിലായിരുന്നു. ഇടയ്‌ക്കിടയ്‌ക്ക് ഡാഡിയോട് ബിസ്ക്കറ്റ് ചോദിച്ചിരുന്നു. പിന്നീട് ഉണർന്നപ്പോൾ റോഡിൽ കിടക്കുന്നു. വണ്ടി മുഴുവനായും തകർന്നു. അപകടത്തിൽ എനിക്കാണ് എന്തെങ്കിലും സംഭവിച്ചിരുന്നതെങ്കിൽ ഡാഡിക്ക് ഒട്ടും സഹിക്കാൻ പറ്റില്ലായിരുന്നു”.
റോഡിൽ കിടന്ന സമയത്ത് അമ്മയെ ഒന്നു പിടിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്റെ കൈ ഒടുങ്ങിതൂങ്ങി കിടക്കുകയായിരുന്നു. ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു. ഡാഡി മരിച്ചുവെന്ന് അറിഞ്ഞു. അമ്മ എപ്പോഴും ഡാഡിയെ അന്വേഷിച്ചുകൊണ്ടിരുന്നു.
നമ്മളോടൊപ്പമുണ്ടെന്ന് പറഞ്ഞ് ഞാൻ കരയുമായിരുന്നു. അമ്മയ്‌ക്ക് എല്ലാം മനസിലായി എന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ, കുറച്ച് നേരം കഴിഞ്ഞ് അമ്മ വീണ്ടും ഡാഡി എവിടെയെന്ന് ചോദിക്കും. അമ്മയ്‌ക്ക് ആ സമയക്ക് കുറച്ച് ഓർമക്കുറവുമുണ്ടായിരുന്നു. അവസാനമായി ഡാഡിയെ നന്നായി കാണാൻ പോലും അമ്മയ്‌ക്ക് സാധിച്ചില്ലെന്നും ഷൈൻ പറഞ്ഞു.















