ന്യൂഡൽഹി: ക്വാഡ് സമ്മേളനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക് തിരിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ജയശങ്കർ യുഎസിലേക്ക് പോകുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ സന്ദർശനം. ജൂലൈ രണ്ട് വരെ ജയശങ്കർ യുഎസിലുണ്ടായിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ജനുവരി 21-ന് വാഷിംഗ്ടണിൽ നടന്ന യോഗത്തിലെ ചർച്ചകളെ അടിസ്ഥാനമാക്കിയാകും വരാനിരിക്കുന്ന യോഗം നടക്കുക. ലോകരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സംഭവവികാസങ്ങളെ കുറിച്ചും ചർച്ചകൾ നടക്കും. ഇന്തോ- പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.
ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് യോഗത്തിൽ ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ എന്നിവയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കും. ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് ഭീകരതയ്‌ക്കെതിരെ നടത്തുന്ന എക്സിബിഷൻ ജയശങ്കർ ഉദ്ഘാടനം ചെയ്യും.
ലോകമെമ്പാടും ഉയർന്നുകേൾക്കുന്ന ഭീകരതയെ ചെറുക്കാൻ അന്താരാഷ്‌ട്ര സമൂഹം സ്വീകരിച്ച നടപടികളും ഈ എക്സിബിഷൻ ഉയർത്തിക്കാട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.