ചെന്നൈ: ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഗാർഹിക, മാനസിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിൽ തിരുപ്പതിയിലാണ് സംഭവം. 27 കാരിയായ റിധന്യയാണ് മരിച്ചത്.
കാറിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം കീടനാശിനി ഗുളികകൾ കഴിച്ചതായാണ് റിപ്പോർട്ട്. കാർ ഏറെ നേരം നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യുവതി പിതാവിന് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നു. തന്റെ തീരുമാനത്തിന് ക്ഷമ ചോദിച്ചായിരുന്നു സന്ദേശം. “ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം സഹിക്കാനാകുന്നില്ല. ഇതിനെ കുറിച്ച് ആരോട് പറയണമെന്ന് എനിക്ക് അറിയില്ല. ഇത് കേൾക്കുന്നവർ അഡ്ജസ്റ്റ് ചെയ്യാൻ എന്നോട് പറയുന്നു. ഇനി ഇത് മുന്നോട്ട് പോകില്ല. എന്റെ ചുറ്റുമുള്ള എല്ലാവരും അഭിനയിക്കുകയാണ്. ജീവിതകാലം മുഴുവൻ നിങ്ങൾക്കൊരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിതം തുടരാൻ ഇനി എനിക്ക് കഴിയില്ല. എന്നോട് ക്ഷമിക്കണം” റിധന്യ സന്ദേശത്തിൽ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലായിരുന്നു റിധന്യയുടെയും കവിൻകുമാറിന്റെയും വിവാഹം. 100 പവനും 70 ലക്ഷം രൂപ വിലമതിക്കുന്ന കാറും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ ഇത് പോരെന്ന് പറഞ്ഞായിരുന്നു ഭർതൃവീട്ടുകാർ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെയും വീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.