തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി പാറശാല സ്വദേശി നവാസ്. തന്റെ അമ്മ മരണപ്പെട്ടുവെന്നും ചികിത്സ കിട്ടാതെയാണ് മരണം സംഭവിച്ചതെന്നും നവാസ് ആരോപിച്ചു. ചികിത്സയിലിരിക്കെയാണ് നവാസിന്റെ അമ്മ ജമീല മരിച്ചത്. പിന്നാലെയാണ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് എത്തിയത്.
“മെഡിക്കൽ കോളേജിൽ അഡ്മിറ്റായിട്ട് ഒരാഴ്ചയായി. ഇതിനിടയിലാണ് ബ്ലിഡിംഗ് വന്നത്. പാറശാലയിൽ ഒരു മാസത്തോളം കിടന്നു. കുറവില്ലാത്തതിനാലാണ് ഇങ്ങോട്ടേക്ക് അയച്ചത്. ആദ്യമൊക്കെ കുഴപ്പമില്ലായിരുന്നു. സർജറി ഡോക്ടറെ നാല് ദിവസമായി വിളിച്ചിട്ടും വന്നിട്ടില്ല”.
“അമ്മയെ ഡിസ്ചാർജാക്കും വീട്ടിൽ കൊണ്ടുപോയി എന്നും ഡ്രസ് ചെയ്താൽ മതിയെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അവിടെ തന്നെ അഡ്മിറ്റാക്കി. രാവിലെ ഷുഗർ കുറഞ്ഞു. ബാത്റൂമിലേക്ക് കൊണ്ടുപോകുന്ന വഴി കുഴഞ്ഞുവീണു. ഷുഗർ കുറഞ്ഞതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്”.
അഞ്ച് ദിവസം തറയിലാണ് കിടത്തിയിരുന്നത്. ഒരു ബെഡ്ഡിൽ രണ്ട് പേരാണ് കിടക്കുന്നത്. അത് ബുദ്ധിമുട്ട് ആയതിനാൽ തറയിൽ കിടക്കാൻ പറഞ്ഞു. നാലാം വാർഡിൽ ആരെങ്കിലും പോയി നോക്കണം. ആർക്കും അവിടെ ചികിത്സ കിട്ടുന്നില്ല. ഡോക്ടറുമാരുടെ അനാസ്ഥയാണ് എല്ലാത്തിനും കാരണം. ശുചിമുറിയുടെ അടുത്തായാണ് ആളുകൾ കിടക്കുന്നതെന്നും നവാസ് പറഞ്ഞു.















