ടെഹ്‌റാൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ ‘ഫത്‌വ’ പുറപ്പെടുവിച്ചു. ഇറാനിലെ ഗ്രാൻഡ് ആയത്തുള്ള നാസർ മകരേം ഷിരാസി ഇരുവരെയും ‘അല്ലാഹുവിന്റെ ശത്രുക്കൾ’ എന്ന് വിളിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തിന് ഭീഷണിയാകുന്ന യുഎസ്, ഇസ്രായേൽ നേതാക്കളെ ഇല്ലാതാക്കാൻ അയാൾ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു.
നേതാവിനെയോ മർജയെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയെയും ഭരണകൂടത്തെയും ‘യുദ്ധപ്രഭു’ അല്ലെങ്കിൽ ‘മൊഹാരെബ്’ ആയി കണക്കാക്കുമെന്ന് മകരേം ഫത്‌വയിൽ പറഞ്ഞു. മൊഹാരെബ് എന്നാൽ അല്ലാഹുവിനെതിരെ യുദ്ധം ചെയ്യുന്ന വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്. ഇറാനിയൻ നിയമപ്രകാരം, മൊഹാരെബ് എന്ന് തിരിച്ചറിയപ്പെടുന്ന ആളുകൾ മരണം, കുരിശിലേറ്റൽ, അംഗഛേദം അല്ലെങ്കിൽ നാടുകടത്തൽ എന്നിവയ്‌ക്ക് വിധേയരാകാം.
ജൂൺ 13 ന് ആരംഭിച്ച 12 ദിവസത്തെ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമാണ് മതപരമായ ഫത്‌വ പുറപ്പെടുവിച്ചത്. ജൂൺ 13 ന് ഇസ്രായേൽ ഇറാനിൽ ബോംബാക്രമണം നടത്തി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നത സൈനിക കമാൻഡർമാരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തി. ഇസ്രായേൽ നഗരങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ടെഹ്‌റാൻ പ്രതികരിച്ചു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേൽ പറയുന്നു. എന്നാൽ ഈ ആരോപണം ടെഹ്‌റാൻ ഇത് ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ട് അമേരിക്കയും യുദ്ധത്തിൽ ചേർന്നതോടെ സംഘർഷം കൂടുതൽ വർദ്ധിച്ചു. തുടർന്ന് ഖത്തറിലെ ഒരു യുഎസ് സൈനിക താവളത്തിൽ ഇറാൻ ബോംബിട്ടു. നിലവിൽ വെടിനിർത്തൽ പ്രഖ്യാപനം പ്രാബല്യത്തിലുണ്ട്.