ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 42 പേർ മരിച്ചു. ഫാക്ടറിയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനെ തുടർന്നാണ് കൂടുതൽ ആളുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചിലർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സ്ഫോടനത്തിൽ മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ അധികവും തൊഴിലാളികളാണ്.
സ്ഫോടനത്തിൽ 12 പേർ മരിച്ചുവെന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന റിപ്പോർട്ട്. പിന്നാലെ അഗ്നിരക്ഷാസേനയും ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിലാണ് മറ്റ് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
പശമൈലാറമിലെ സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയിലാണ് റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. പ്രദേശവാസികളും പൊലീസും രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്.
സംഭവസമയത്ത് 90 ജീവനക്കാരാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. അപകടകാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.















