വാഷിംഗ്ടൺ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുണ്ടായ ഇന്ത്യ- പാക് സംഘർഷത്തിൽ വെടിനിർത്തലിന് മദ്ധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദം തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിക്കുമ്പോൾ താൻ ആ മുറിയിൽ ഉണ്ടായിരുന്നുവെന്നും ജയശങ്കർ പറഞ്ഞു. യുഎസ് സന്ദർശനത്തിനിടെ നടന്ന ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
“പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി വാൻസ് പറഞ്ഞു. ആ രാത്രിയിൽ തന്നെ പാകിസ്ഥാൻ വലിയ തോതിൽ ആക്രമണം നടത്തിയിരുന്നു. ഇന്ത്യ ഉടൻ തന്നെ അതിന് തിരിച്ചടി നൽകുകയും ചെയ്തു. അടുത്ത ദിവസം രാവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നു. പാകിസ്ഥാൻ ചർച്ചയ്‌ക്ക് തയാറാണെന്ന് അറിയിച്ചു”.
അന്ന് തന്നെ പാക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിക്കുകയും വെടിനിർത്തലിന് അഭ്യർത്ഥിക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റിന്റെ വാദങ്ങൾ തെറ്റാണ്. അങ്ങനെയല്ല നടന്നത്. യുഎസ്- ഇന്ത്യ നയതന്ത്ര വ്യാപാര ചർച്ചകൾക്ക് വെടിനിർത്തലുമായി യാതൊരു ബന്ധവുമില്ലെന്നും ജയശങ്കർ പറഞ്ഞു.