ന്യൂഡൽഹി : കർണാടകയിൽ നേതൃമാറ്റത്തിനു ശ്രമിച്ചു കൊണ്ടിരുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വഴി അടയുന്നതായി സൂചന.കർണാടകയിൽ നേതൃമാറ്റനീക്കം നടക്കുന്നില്ലെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു.
ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളും ശിവകുമാറിന്റെ അനുയായികളുടെ പരസ്യ ആഹ്വാനങ്ങളും തുടരുന്നതിനിടെയാണ് സുർജേവാലയുടെ ഈ പ്രസ്താവന. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനു ഏകദേശം 100 എംഎൽഎമാർ പിന്തുണ നൽകുന്നുണ്ടെന്ന് ഇന്ന് രാവിലെ കോൺഗ്രസ് എംഎൽഎ ഇഖ്ബാൽ ഹുസൈൻ അവകാശപ്പെട്ടു.
“ഇത് മാറ്റത്തെക്കുറിച്ച് മാത്രമല്ല. മിക്ക എംഎൽഎമാരും ഫലപ്രദമായ ഭരണം ആഗ്രഹിക്കുന്നു,” ഹുസൈൻ പറഞ്ഞു.
ഏതെങ്കിലും എംഎൽഎയ്‌ക്ക് എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ, അത് പാർട്ടിക്കുള്ളിലും സർക്കാരിനുള്ളിലും പരിഹരിക്കണമെന്ന് സുർജേവാല പറഞ്ഞു.അതിനിടെ കോൺഗ്രസ് എം എൽ എ മാറുമായി സുർജേവാല നടത്തുന്ന കൂടിക്കാഴ്ച തുടരുകയാണ്.















