പാലക്കാട് : നെല്ല് സംഭരണം അടക്കമുള്ള കേരളത്തിലെ നെല്ല് കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ ബി ജെ പിമൂന്നംഗ സമിതിയെ നിയോഗിച്ചു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി.ആർ. നായർ എന്നിവരുടെ മൂന്നംഗ സമിതിയെയാണ് പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ചത്. സമിതി വിവിധ ജില്ലകളിലെത്തി നെൽകർഷകരിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കും.കാർഷിക രംഗത്തെ വിദഗ്ധരും സമിതിയുടെ ഭാഗമാണ്
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മറ്റി യോഗത്തിലാണ് നെൽക്കർഷകരുടെ പ്രശ്നങ്ങൾ കണ്ടെത്താൻ സമിതിയെ നിയോഗിച്ചത്. ബിജെപി പ്രതിനിധിസംഘം ജൂലൈ 3 ന് തൃശൂർ, 4 ന് പാലക്കാട്, 6 ന് ആലപ്പുഴ ജില്ലകളിലെത്തി കർഷകരെ നേരിൽ കാണും.
നെല്ല് സംഭരണത്തിൽ കേന്ദ്രസർക്കാരിന്റെ നേരിടുള്ള ഇടപെടൽ ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യം.കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിലും പണം അനുവദിക്കുന്നതിലും സംസ്ഥാന സർക്കാർ വരുത്തുന്ന വീഴ്ച മൂലം കടക്കെണിയിലായ കേരളത്തിലെ നെൽകർഷകരെ സഹായിക്കാനാണ് ശ്രമമെന്ന് ബിജെപി പറഞ്ഞു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കും.















