കാൺപുർ: ഉത്തർപ്രദേശിലെ ഫുൽപൂരിൽ നിന്നും ദളിത് പെൺകുട്ടിയെ തൃശൂരിൽ എത്തിച്ച് മതം മാറ്റിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ച പെൺകുട്ടി കോടതിയിൽ നൽകിയ മൊഴിയിലാണ് നിർണ്ണായക വിവരങ്ങളുള്ളത്.
പ്രതികൾ പ്രലോഭിപ്പിച്ചാണ് കേരളത്തിലേക്ക് കൊണ്ടുപോയത്. മതം മാറ്റുകയും ജിഹാദി പ്രവർത്തനങ്ങളിൽ ചേരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. കേരളത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ചാൽ നല്ല ജീവിതവും പണവും ലഭിക്കുമെന്ന് പ്രതികൾ പറഞ്ഞിരുന്നു, മൊഴിയിൽ പറയുന്നു.
പ്രതികളായ ദരാക്ഷ ബാനോയെയും മുഹമ്മദ് കൈഫിനെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ നൈനി ജയിലിലാണ് പ്രതികളുള്ളത്. പെൺകുട്ടിയുടെ മൊഴി പ്രകാരം യുപി മതപരിവർത്തന വിരുദ്ധ നിയമത്തിലെ വകുപ്പുകളും ചുമത്തിയേക്കും.
ദിവസങ്ങൾക്ക് മുമ്പാണ് പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ കേരളത്തിൽ എത്തിച്ച് മതപരിവർത്തനം നടത്തുന്ന സംഘത്തിൽപ്പെട്ടവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ആണ് ഇവർ തൃശൂരിൽ എത്തിച്ച് മതം മാറ്റിയത്. പ്രതികൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘത്തിൽ പെട്ടവരാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി ഇവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തി സംഭവം വിവരിക്കുകയായിരുന്നു.
അതീവ പ്രധാന്യത്തൊടെയാണ് യുപി പൊലീസ് കേസ് അന്വേഷിക്കുന്നത്. കേരളം ആസ്ഥാനമായുള്ള തീവ്രവാദ ശൃംഖലയുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.















