ന്യൂഡെല്‍ഹി: ഇന്ത്യയില്‍ എട്ട് വര്‍ഷം തികച്ചിരിക്കുകയാണ് ചരക്ക് സേവന നികുതി (ജിഎസ്ടി). നികുതി സംവിധാനത്തില്‍ വിപ്ലവകരമായ പരിഷ്‌കാരമായി മാറിയിരിക്കുന്ന ജിഎസ്ടി നികുതി ചോര്‍ച്ച വലിയ അളവില്‍ പരിഹരിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ജിഎസ്ടി വരുമാനം റെക്കോര്‍ഡ് തുകയാണ്; 22.08 ലക്ഷം കോടി രൂപ. 2021 സാമ്പത്തിക വര്‍ഷത്തിലെ 11.37 ലക്ഷം കോടി രൂപയില്‍ നിന്ന് ഇരട്ടി വര്‍ധന. പ്രതിമാസ ശരാശരി വരുമാനമാകട്ടെ 2024 ലെ 1.68 ലക്ഷം കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1.84 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു.
സാധാരണക്കാര്‍ക്ക് ആശ്വാസം?
സര്‍ക്കാര്‍ ഖജനാവ് നിറഞ്ഞുകവിയുമ്പോള്‍ സാധാരണക്കാര്‍ക്ക് ജിഎസ്ടി ഇളവുകള്‍ പ്രതീക്ഷിക്കാമോ എന്നതാണ് ഉയരുന്ന ചോദ്യം. രാജ്യത്തെ മധ്യവര്‍ഗക്കാര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമായി ജിഎസ്ടി സ്ലാബുകള്‍ സര്‍ക്കാര്‍ വൈകാതെ പരിഷ്‌കരിക്കുകയും യുക്തിസഹമാക്കുകയും ചെയ്യുമെന്നാണ് സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കുകളില്‍ വലിയ നേട്ടം ലഭിച്ച മധ്യവര്‍ഗത്തിന് ജിഎസ്ടി നിരക്കുകള്‍ കൂടി താഴ്ന്നാല്‍ കൂടുതല്‍ ആശ്വാസകരമാവും.
വീട്ടുസാധനങ്ങള്‍ക്ക് വില കുറയും
പയര്‍വര്‍ഗ്ഗങ്ങള്‍, അരി തുടങ്ങിയ ഇനങ്ങള്‍ കുറഞ്ഞ നികുതി സ്ലാബിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. ടൂത്ത് പേസ്റ്റ്, അടുക്കള ഉപകരണങ്ങള്‍, ചെരിപ്പുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി നിരക്കുകളും കുറഞ്ഞേക്കും. 12% ജിഎസ്ടി നികുതി സ്ലാബ് അപ്പാടെ നീക്കം ചെയ്യുകയോ കുറയ്‌ക്കുകയോ ചെയ്‌തേക്കും. 12% നികുതി വിഭാഗത്തിലുള്ള ചില ഇനങ്ങള്‍ 5% ജിഎസ്ടി നികുതി പരിധിയിലേക്ക് മാറ്റുകയും ചെയ്യും. ഇതോടെ ജിഎസ്ടി സംവിധാനം കൂടുതല്‍ ലളിതമാക്കപ്പെടും.
നിലവില്‍ നാല് പ്രാഥമിക നികുതി നിരക്കുകളാണ് ജിഎസ്ടിക്കുള്ളത്- 5%, 12%, 18%, 28%. വിലയേറിയ ലോഹങ്ങള്‍ പോലുള്ള പ്രത്യേക ഇനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളുണ്ട്. ആകെ ചരക്കുകളുടെയും സേവനങ്ങളുടെയും 44 ശതമാനത്തിനും 18% നികുതിയാണ്. 21% ഇനങ്ങള്‍ക്ക് 5% നികുതി. 19% ഇനങ്ങള്‍ക്ക് 12% നികുതി. 28% എന്ന ഉയര്‍ന്ന നികുതി നിരക്ക് 3% ഇനങ്ങള്‍ക്കാണ് ബാധകം.















