ന്യൂഡെല്‍ഹി: ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താനും പെട്രോളിയം കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് മൂന്ന് ക്രൂഡ് ഓയില്‍ റിസര്‍വുകള്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യ. ഭൗമരാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതും എണ്ണയുടെ ലഭ്യതയില്‍ സമ്മര്‍ദ്ദമേറുന്നതും പരിഗണിച്ചാണ് വമ്പന്‍ ഓയില്‍ റിസര്‍വുകള്‍ നിര്‍മിക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീറില്‍ 5.2 ദശലക്ഷം ടണ്‍ ശേഷിയുള്ള ക്രൂഡ് സംഭരണശാലയും കര്‍ണാടകയിലെ മംഗലാപുരത്ത് 1.75 ദശലക്ഷം ശേഷിയുള്ള റിസര്‍വുമാണ് പരിഗണനയില്‍. മധ്യപ്രദേശിലെ ബിനയിലാണ് മൂന്നാമത്തെ സംഭരണ കേന്ദ്രം.
ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡിനാണ് (ഐഎസ്പിആര്‍എല്‍) ഇന്ത്യയുടെ ക്രൂഡ് റിസര്‍വിന്റെ ചുമതല. പുതിയ സംഭരണ കേന്ദ്രങ്ങള്‍ക്കുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഐഎസ്പിആര്‍എല്‍ സിഇഒ എല്‍ ആര്‍ ജെയിന്‍ പറഞ്ഞു.
സംഭരണശേഷി ഇരട്ടിയാകും
നിലവില്‍ മംഗലാപുരം, പാദൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ തന്ത്രപ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങള്‍. 5.33 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണ സംഭരിക്കുന്നതിനുള്ള സംയോജിത ശേഷിയാണ് ഇവയ്‌ക്കുള്ളത്. യുദ്ധം പോലെ അടിയന്തര സാഹചര്യങ്ങള്‍ വരുമ്പോള്‍ ഉപയോഗിക്കാനാണ് ഇവ തയാറാക്കിയിരിക്കുന്നത്. പുതിയ റിസര്‍വുകള്‍ കൂടി വരുന്നതോടെ സംഭരണശേഷി ഇരട്ടിയിലേറെ ഉയരും. നിലവില്‍ 75 ദിവസം പിടിച്ചുനില്‍ക്കാനുള്ള എണ്ണയാണ് ഇന്ത്യയുടെ പക്കലുള്ളത്. പുതിയ കരുതല്‍ ശേഖരങ്ങള്‍ നിര്‍മിച്ച് ഇത് 90 ദിവസമായി വര്‍ധിപ്പിക്കാനാണ് പദ്ധതി.
ട്രംപിന്റെ വിരട്ടല്‍
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാഷ്‌ട്രവും ഉപഭോക്താവുമാണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 80% എണ്ണയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. റഷ്യയില്‍ നിന്ന് വിലകുറച്ച് ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങിച്ചു വരുന്നുണ്ട്. യുദ്ധകാലത്ത് റഷ്യയെ സഹായിക്കുന്നെന്ന് ആരോപിച്ച് ഇന്ത്യയുടെ മേല്‍ 500% കയറ്റുമതി നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഓയില്‍ റിസര്‍വുകള്‍ വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഇക്കാര്യങ്ങളെല്ലാം സ്വാധീനിക്കുന്നുണ്ട്.















