കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇവരെ രണ്ടുമണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.
ബിന്ദുവിന്റെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകൾക്ക് കൂട്ടിരിക്കാനയാണ് ബിന്ദു മെഡിക്കൽ കോളേജിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ 14-ാം വാർഡാണ് തകർന്നുവീണത്. മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും സ്ഥലത്തെത്തിയിരുന്നെങ്കിലും അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് പൊലീസും ഫയർഫോഴ്‌സും ജെസിബി അടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കുടുങ്ങിക്കിടന്ന ബിന്ദുവിനെ കണ്ടെത്തുന്നത്.