മലപ്പുറം: രാജിവച്ചതിന്റെ പേരിൽ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ച് സമുദായിക സംഘടന. ഇസ്ലാമിക സംഘടന നഖ്ഷബന്ദീയ ത്വരീഖത്താണ് കിഴിശേരി സ്വദേശി ലുബ്‌നയെയും സഹോദരി ഷിബിലയെയും ലുബ്‌നയുടെ ഭർത്താവ് സി.എ. റിയാസിനെയും ഊരുവിലക്കിയത്. സ്വന്തം വീട്ടിൽ പോലും കയറാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
നഖ്ഷബന്ദീയ ത്വരീഖത്തിന്റെ ഭാഗമാണ് ഇവരുടെ കുടുംബം. മൂന്ന് വർഷം മുൻപ് ഇവരുടെ നിയന്ത്രണങ്ങളിലും ചൂഷണങ്ങളിലും മനം മടുത്താണ് ലുബ്‌നയും ഭർത്താവും സഹോദരിയും സംഘടന വിട്ടത്. മൂവരും നിലവിൽ കൊയമ്പത്തൂരാണ് ഇവർ താമസിക്കുന്നത്.
കഴിഞ്ഞ ദിവസം ലുബ്നയും ഷബീലയും ഉമ്മയെ കാണാൻ കിഴിശേരിയിലെ വീട്ടിൽ എത്തിയപ്പോൾ നഖ്ഷബന്ദീയ ത്വരീഖത്തിന്റെ അനുയായികളായ 100 ഓളം പേർ സംഘടിച്ചെത്തി ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസിനും മലപ്പുറം എസ്പിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
മലപ്പുറം, വയനാട്, കോഴിക്കോട് എന്നിവ കേന്ദ്രീകരിച്ചാണ് നഖ്ഷബന്ദീയ ത്വരീഖത്തിന്റെ പ്രവർത്തനം. തീവ്ര നിലപാടുള്ള ഇവർ കടുത്ത നിയന്ത്രണങ്ങളാണ് അംഗങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. വിവാഹത്തിന് മുമ്പ് സ്മാർട്ട് ഫോൺ പാടില്ല, സോഷ്യൽ മീഡിയ പാടില്ല, സ്ത്രീകൾക്ക് പുറം ലോകവുമായി ബന്ധം പാടില്ല തുടങ്ങി അതി വിചിത്രമായ രീതികളാണ് ഇവർ പിന്തുടരുന്നത്. 3,000 ത്തോളം ആളുകൾ സംഘടനയുടെ ഭാഗമാണ്. കോഴിക്കോട് കൊടുവള്ളി പുത്തൻ വീട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഷാഹുൽ ഹമീദിനാണ് ഇതിന്റെ നിയന്ത്രണം.















