സ്പെയ്നിലുണ്ടായ കാറപകടത്തിൽ ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ട അന്തരിച്ചു. ഫുട്ബോൾ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു 28-കാരന്റെ മരണം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടമെന്നാണ് റിപ്പോർട്ട്. കാറിൽ ജോട്ടയുടെ സഹോദരനും ഫുട്ബോൾ താരവുമായി ആന്ദ്രെ സിൽവ(26)യുമുണ്ടായിരുന്നു.
സ്പെയിനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസങ്ങൾക്കു മുൻപാണ് ദീർഘകാല പങ്കാളിയായ റൂത്ത് കാർഡോസോയെ ജോട്ട വിവാഹം ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ 12.30നാണ് അപകടം നടന്നതെന്നാണ് വിവരം. കാർ പൂർണമായും അഗ്നിക്കിരയായി. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന. കാർ റോഡിൽ നിന്ന് തെന്നിമാറി ബാരിക്കേഡും തകർത്ത് കത്തിയമരുകയായിരുന്നു.















