ഇസ്ലാമാബാദ്: ഇന്ത്യ വർഷിച്ച ബ്രഹ്മോസ് മിസൈലിൽ ആണവായുധമുണ്ടോയെന്ന് നിർണയിക്കാൻ വേണ്ടത്ര സമയം കിട്ടിയിരുന്നില്ലെന്ന് വെളിപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി. തീരുമാനമെടുക്കാൻ സൈന്യത്തിന് വെറും 30 മുതൽ 45 സെക്കൻഡ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിനിടെ ബ്രഹ്മോസ് ക്രൂയിസ് മിസൈൽ വിക്ഷേപിച്ചത് പാകിസ്ഥാന്റെ പ്രതിരോധ സംവിധാനത്തെ സാരമായി ബാധിച്ചുവെന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി റാണ സനാവുള്ള അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ സമ്മതിച്ചു.
“നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ബ്രഹ്മോസ് പ്രയോഗിച്ചപ്പോൾ, അത് ആണവായുധമാണോ എന്ന് നിർണ്ണയിക്കാൻ പാകിസ്ഥാൻ സൈന്യത്തിന് നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊരു അപകടകരമായ സാഹചര്യമാണ്,” സനാവുള്ള പറഞ്ഞു.
Pakistan begged Trump for a ceasefire after Indian Brahmos (Harmus) hit Noor Khan Airbase and Pak forces had no time to react.
– Admission of Pakistan’s defeat by Sp Assistant to Pak PM Rana Sanullahpic.twitter.com/vRnDxEwqCv
— Pakistan Untold (@pakistan_untold) July 3, 2025
പാകിസ്ഥാൻ വ്യോമസേനയുടെ ഒരു പ്രധാന കേന്ദ്രമായ റാവൽപിണ്ടിയിലെ ചക്ലാലയിലുള്ള നൂർ ഖാൻ വ്യോമതാവളത്തിലാണ് മിസൈൽ പതിച്ചത്. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി മെയ് 10 ന് ഇന്ത്യ പാകിസ്ഥാനിലെ പ്രധാന വ്യോമതാവളങ്ങളിൽ നിരവധി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടു. ഇന്ത്യയും റഷ്യയും ആഭ്യന്തരമായി നിർമ്മിച്ച സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ വ്യോമ, കര വകഭേദങ്ങളാണ് പാകിസ്ഥാനിലെ റൺവേകൾ, ബങ്കറുകൾ, ഹാംഗറുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ലക്ഷ്യങ്ങൾ നശിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
അതേസമയം യുഎസ് പ്രസിഡന്റ് വെടിനിർത്തൽ ചർച്ചകളിൽ ഇടപെട്ടുവെന്ന് വാദിച്ച റാണ അല്ലാത്തപക്ഷം ലോക ദുരന്തം ഉണ്ടാകുമായിരുന്നുവെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തതെന്നും പറഞ്ഞു.















