ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ സനാർപട്ടിക്ക് സമീപത്തു വച്ചാണ് സംഭവം. രാജകപ്പട്ടി സ്വദേശി (39) ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്.
വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ബാലകൃഷ്‌ണൻ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ മോട്ടോർ ബൈക്കുകളിലെത്തിയ അക്രമി സംഘം ഇയാളെ വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആയുധധാരികളായ അക്രമികൾ നാട്ടുകാർ നോക്കിനിൽക്കെയാണ് ബാലകൃഷ്ണനെ ആക്രമിച്ചത്.
നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്‌ണൻ ഉദ്യോഗസ്‌ഥർ എത്തും മുൻപ് തന്നെ മരിച്ചിരുന്നു. സനാർപട്ടി പൊലീസ് സ്ഥലത്തെത്തി ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ദിണ്ടിഗൽ ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. കൊലപാതകത്തിൽ ഉൾപ്പെട്ട അക്രമികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.















