ചെന്നൈ: പഴനിമുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ നടി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും. മക്കളായ ഉയിരിനും ഉലകിനുമൊപ്പമാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. പൊലീസ് സംരക്ഷണത്തോടെയാണ് കുടുംബം ദർശനം നടത്തിയത്.
ചുവന്ന സൽവാറാണ് നയൻതാര ധരിച്ചിരുന്നത്. കുർത്തയായിരുന്നു വിഘ്നേഷ് ശിവന്റെയും മക്കളുടെയും വേഷം. ഇവരുടെ ദർശനം കണക്കിലെടുത്ത് ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുരുകന്റെ ഫോട്ടോ പ്രിന്റ് ഇരുവർക്കും ഉപഹാരമായി ക്ഷേത്രഭാരവാഹികൾ നൽകി. ക്ഷേത്രത്തിലെ പ്രസാദം സ്വീകരിച്ച ശേഷമാണ് കുടുംബം മലയിറങ്ങിയത്.
ക്ഷേത്രത്തിനുള്ളിൽ നിന്നിരുന്ന തന്റെ ആരാധകരെ നയൻതാര അഭിവാദ്യം ചെയ്തു. കുടുംബത്തോടൊപ്പമുള്ള നയൻതാരയുടെ ക്ഷേത്രദർശനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.















