തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദുരന്തമുഖത്ത് ‘പിആർ ഷോ’ നടത്തുന്ന തിരക്കിലായിരുന്നു മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോർജിനെ അനാരോഗ്യ മന്ത്രി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിൽ, കെട്ടിടം തകർന്ന് വീണ് വൈക്കം സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ കേരളം കണ്ടത് പിണറായി സർക്കാരിന്റെ മനുഷ്യത്വരഹിത ഇ ടപെടലാണ്. ഒരു ജീവൻ മണ്ണിനടിയിൽ ശ്വാസത്തിനായി പിടയുമ്പോൾ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ട ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് മാദ്ധ്യമങ്ങളെ വിളിച്ച് പുതിയ കെട്ടിടത്തിന്റെ സൗകര്യങ്ങൾ കാണിച്ച് ‘PR ഷോ’ നടത്തുന്ന തിരക്കിലായിരുന്നു.
ബിന്ദുവിന്റെ കുടുംബം പരാതിയുമായി എത്തിയപ്പോൾ മാത്രമാണ് തിരച്ചിൽ ആരംഭിക്കാൻ പോലും സർക്കാർ തയ്യാറായത്. മന്ത്രിയുടെ അനാസ്ഥ നിറഞ്ഞ ഇടപെടലുകൾക്ക് പകരം, മണിക്കൂറുകൾക്ക് മുൻപേ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ, ഒരുപക്ഷേ ബിന്ദുവിന്റെ ജീവൻ രക്ഷപ്പെടുത്താമായിരുന്നു.
വീണാ ജോർജിന് ആരോഗ്യ മന്ത്രി പോയിട്ട് എംഎൽഎ ആയി പ്രവർത്തിക്കാൻ പോലും അർഹത ഇല്ലെന്ന് സ്വന്തം അനുയായികൾ തന്നെ കുറ്റപ്പെടുത്തുന്നു. എന്തിനാണ് നമുക്കിങ്ങനെ ഒരനാരോഗ്യ മന്ത്രി എന്നാണ് കേരളം ഒന്നടങ്കം ചോദിക്കുന്നത്. വീണ ജോർജ് രാജിവെച്ച് ഒഴിഞ്ഞു പോകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.















